പ്രണയതീരങ്ങൾ

പ്രണയതീരങ്ങൾ

(Image Source: Sarath Meleveed)


സാഗരനീലിമ തൂകിയ കൺകളാൽ,
സാധുവാമെന്നെ നീ സ്വന്തമാക്കി.
പുഞ്ചിരിപ്പൂക്കളാലമ്പെയ്ത നിൻ മുഖം, 
എൻ പാതിജീവനിൽ വസന്തമായി.

പീലി വിടർത്തുമെൻ മോഹകാർമേഘങ്ങൾ,
പ്രണയപ്പേമാരിയായ് പെയ്തിറങ്ങി.
കൊതിയോടെ നനയുവാൻ നാമൊന്നായിച്ചേർന്നിതായീ-
പ്രണയതീരങ്ങളിൽ അലിഞ്ഞുചേർന്നു...
                                                                                             1
• • •

മാണിക്യ വീണതൻ ശാരികൾ മീട്ടി നീ,
എൻ മാനസ തന്ത്രിയിൽ രാഗമേകി.
മൗനത്തിൻ കൂടൊന്നു മെല്ലെ തുറന്നു ഞാൻ
മാസ്മര ഗീതമായ് നിന്നിലലിഞ്ഞു.

മൗനമൊഴികളിൽ വർണ്ണമഴവില്ലായി
മനസ്സിൻ തീരങ്ങളെ നീ തഴുകി.
നിൻ മിഴിചൂടിൽ ഉരുകുമീ രാവിൽ
എൻ ചിന്തകളെല്ലാം നീ മാത്രമായ്…
                                                                                             2
• • •

ഈ കരിനീല രാവിലെൻ കൂട്ടായിരിക്കുവാൻ
നിൻ ഓർമ്മ തൻ മാണിക്യ ദീപം മാത്രം.
നീ അകലെയാണെങ്കിലും നാമൊന്നാണെന്നോതുമീ
കാറ്റിൻ പ്രണയമർമ്മരം കാതോർത്തു ഞാൻ.

വാക്കുകൾക്കപ്പുറം വാചാലമാകും നിൻ
നോക്കുകളാലെൻ മനമുണർന്നു,
ആ മിഴികൾക്കുമാത്രമായ് കരുതിവെച്ചീടുമെൻ
കാവ്യപ്രപഞ്ചത്തിൽ നാമൊന്നായിതാ...
                                                                                             3


- ശരത് മേലേവീട്

──────────────────────────────────


Penned @ മധുവനം