ചിതാസ്വപ്നങ്ങൾ

ചിതാസ്വപ്നങ്ങൾ
The Pyre of Dreams


(Image Source: Sarath Meleveed)


കനകമയമാമീ മംഗല്യവേദിയിൽ കന്യയായ് മിന്നിവിളങ്ങവേ നീ,
ഗഗനസീമയെ അരികിലൊതുക്കുവാൻ വെമ്പുമൊരഗതിയായ് ഞാൻ.
അന്യനൊരുക്കുന്ന ഹോമാഗ്നിധൂമമെൻ മതിയിൽ ചിതയായെരിഞ്ഞീടവെ,
അതിഥിയായ്‌ വന്നൊരീ കണ്ണീർക്കടലിനെ എവിടെയൊതുക്കുമെന്നറിയാതെ ഞാൻ...

• • •

വദനസ്മിതത്തിനകത്തു വേദനയുടെ തീരം മാഞ്ഞുമറഞ്ഞു,
വാക്കുകളില്ലാതെ പ്രണയം വേരൂന്നി നിശ്ചലമായി;
ദർശനമത്രേ ധർമ്മമെന്നു ധ്യാനിച്ചു നിൽക്കുന്നവൻ,
മോഹങ്ങളില്ലാതെ അനുരാഗമാരാധിച്ചു നിൽക്കുന്നുവോ?

പ്രകടമാവാതെയെരിയുന്ന സ്നേഹം പാപമോ ധർമ്മമോ?
പ്രകാശം വീശാതെ കത്തുന്ന ദീപം വ്യർത്ഥമോ വിരക്തമോ?
മൂകമാമീമനം മൗനമായി കരഞ്ഞീടും,
അവബോധമില്ലാലോകം അതു കാണാതെ കടന്നീടും.

കാലം വരും, മർമ്മവേദന മാഞ്ഞീടുമെന്നവർ,
കുറിപ്പായി, ഹൃദിയിലാഴും കനൽപ്പാടുകൾ മറന്നുവോ?
നിശ്ശേഷമാകാതെ നിന്ന സ്മൃതികൾ നിഴലായ് വീഴും,
നിത്യം പിന്തുടരും നൊമ്പരത്തിൻ കനൽശൃംഖലകൾ.

സൗഖ്യസ്വപ്നങ്ങളായുണർന്നവയെല്ലാം സൗഖ്യഭ്രമങ്ങളായുറങ്ങുന്നുവോ?
അന്നു മരുന്നായിവിരിഞ്ഞവയെല്ലാം ഇന്നു മുറിവായി മുടന്തിമടങ്ങുന്നുവോ?
ചികിത്സയായെത്തിത്തളിർത്തൊരെൻ ഓർമ്മകൾ, ചുടുചോരക്കണ്ണീർക്കണങ്ങളായി ഹൃത്തിൽ പൊഴിയുന്നുവോ?  
ചിരിയായിച്ചിറകിട്ടടിച്ചോരചഞ്ചലസ്മരണകൾ, ചിതലേറും ചിതാസ്വപ്നങ്ങളാകുന്നുവോ?


- ശരത് മേലേവീട്

──────────────────────────────────


Penned @ മധുവനം